Pazhavangadi Ganapathy Temple

പഴവങ്ങാടി ഗണേശനെ ഇനി ക്ഷേത്ര കവാടത്തിന്റെ പുറത്തുനിന്നും കൺകുളിർക്കെ കണ്ടുതൊഴാം; നവീകരണം അന്തിമഘട്ടത്തിൽ

Pazhavangadi Ganapathy Temple
Pazhavangadi Ganapathy Temple

തിരുവനന്തപുരം: ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ പഴവങ്ങാടി ഗണേശനെ ഇനി ക്ഷേത്ര കവാടത്തിന്റെ പുറത്തുനിന്നും കൺകുളിർക്കെ കണ്ടുതൊഴാം. ഇതിനായി ക്ഷേത്രത്തിന് മുന്നിലെ സാധാരണയുള്ള മതിലും മറയും മാറ്റും. പുറത്തുനിന്ന് ദർശനം സാധിക്കുന്ന വിധത്തിൽ മുന്നിൽ ഇരുമ്പുവേലി മാത്രം ഘടിപ്പിക്കും. പുതുക്കിയ ക്ഷേത്രഘടനയിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് ഉള്ളിൽ കയറാമെന്നതാണ് മറ്റൊരു സൗകര്യം. നവീകരണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയും മഹാകുംഭാഭിഷേകവും ജൂലായ് 11ന് രാവിലെ 11.30ന് നടക്കും. തന്ത്രി ദേവനാരായണൻ പോറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 5 മുതൽ 16 വരെയാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകൾ. ചുറ്റുമതിലില്ലാതെ തറനിരപ്പ് ഉയർത്തിയാണ് ക്ഷേത്രം പുതുക്കിയത്. ഉപദേവതകളായ ദേവി, ശാസ്‌താവ്, നാഗർ എന്നിവയ്ക്കും പുതിയ ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്.

ദേവപ്രശ്നത്തിലാണ് ശ്രീകോവിൽ പുതുക്കി പണിയണമെന്ന നിർദ്ദേശമുണ്ടായത്. കൂടുതൽ പേർക്ക് പെട്ടെന്ന് ദർശന സൗകര്യമുണ്ടാക്കണമെന്നും മഴക്കാലത്ത് ക്ഷേത്രത്തിലുണ്ടാകുന്ന വെള്ളക്കെട്ട് തടയണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനായി കഴിഞ്ഞവർഷം മേയ് 17ന് ഗണപതിയുടെ മൂലവിഗ്രഹം, ഉപദേവതാ വിഗ്രഹങ്ങൾ എന്നിവ ബാലാലയത്തിലേക്ക് മാറ്റിയിരുന്നു. ഗണപതിയുടെ പ്രധാനക്ഷേത്രം പൂർണമായും പൊളിച്ചുമാറ്റി പഴയ നിരപ്പിൽ നിന്നു മൂന്ന് അടിയോളം ഉയർത്തിയിട്ടുണ്ട്. മാവേലിക്കര രാധാകൃഷ്ണൻ ആചാരിക്കാണ് നിർമ്മാണച്ചുമതല. സുനിൽ പ്രസാദാണ് സ്ഥപതി. തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തായിരുന്നപ്പോൾ പട്ടാളക്കാർ പൂജിച്ചിരുന്ന ഗണപതി വിഗ്രഹമാണ് പഴവങ്ങാടി ക്ഷേത്രത്തിലേത്.പദ്മനാഭപുരത്തെ കൽക്കുളം ശിവക്ഷേത്രത്തിലായിരുന്നു വിഗ്രഹം പൂജിച്ചിരുന്നത്. 1790കളിൽ തലസ്ഥാനം മാറ്റിയപ്പോൾ പട്ടാളക്കാർ വിഗ്രഹവും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. ഇപ്പോൾ കരസേനയുടെ മദ്രാസ് റെജിമെന്റിനാണ് ക്ഷേത്രത്തിന്റെ ചുമതല. അഞ്ചുവർഷം മുമ്പ് വിഗ്രഹത്തിന് സ്വർണഅങ്കി അണിയിച്ചിരുന്നു.അമ്പലത്തിന് പുതിയ മാറ്റങ്ങൾ ഇങ്ങനെ

 മൈലാടിയിലെ കൃഷ്‌ണശിലയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്

 മേൽക്കൂരയിൽ കരിങ്കല്ല് പാകി തേക്കിൻതടി മേഞ്ഞ് പുറത്ത് ചെമ്പോല മേഞ്ഞു

 ക്ഷേത്രവും ശേഷിച്ച ഭാഗവും മറയുന്ന രീതിയിൽ മുകളിൽ മറ്റൊരു മേൽക്കൂര

 പുറത്തുള്ള ഗോപുരത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു

 മൂന്നുനിലകളുള്ള ഗോപുരം പൂർത്തിയാകാൻ മൂന്നുമാസം വേണ്ടിവരും

 ചുറ്റുമതിലിൽ ഗണപതിയുടെയും ദേവതമാരുടെയും വർണാഭമായ ശില്പങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *